കണ്ണൂർ: ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങി കാണാതായ രക്ഷാപ്രവർത്തകനെ കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി രാജേഷിനെയാണ് ശനിയാഴ്ച മുതൽ കണ്ടെത്താനാകാത്തത്.
ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ട് കാണാതായത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി.തിരച്ചിൽ മന്ദഗതിയിലാണെന്നും വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടാകുന്നതിൽ കടുത്ത പ്രതിഷേധവും കുടുംബം രേഖപ്പെടുത്തി.
പ്രദേശത്തെ ജനപ്രതിനിധിയായ പയ്യന്നൂർ എംഎൽഎയെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും തിരച്ചിൽ ശക്തമാക്കാനും അടിയന്തര ഇടപെടൽ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ശനിയാഴ്ച വൈകുന്നേരം അഞ്ച മണിയോടെയാണ് മീന്തുള്ളി തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടുപോയതായി വിവരം ലഭിച്ചത്. തുടർന്ന് രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും ചേർന്ന് ലൈഫ് ജാക്കറ്റും റോപ്പും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമായി കരകവിഞ്ഞൊഴുകുന്ന പുഴ നീന്തിക്കടന്ന് തുരുത്തിലെത്തുകയായിരുന്നു.
തുരുത്തിൽ കുടുങ്ങിയ സമ്പന്നയിൽ ബെന്നി എന്നയാളെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ, രാജേഷ് തന്റെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചിരുന്നു.തുടർന്ന് കയറിൽ പിടിച്ച് പുഴ കുറുകെ കടക്കുന്നതിനിടയിൽ കേരളത്തിന്റെ ഭാഗത്ത് എത്താറായപ്പോൾ രാജേഷിന് കയറിൽ നിന്നുള്ള പിടിവിട്ടുപോയി. നീന്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.റോപ്പ് ക്ലൈംബിംഗിൽ നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയിട്ടുള്ള രാജേഷ് അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസുകൾ എടുത്തിരുന്നു. നീന്തലിലും വിദഗ്ദ്ധനായിരുന്നു. വെള്ളത്തിൽ വെച്ച് ശരീരം കോച്ചിപ്പിടിച്ചതാവാം അദ്ദേഹത്തിന് നീന്താൻ സാധിക്കാതെ പോയതെന്നാണ് കരുതുന്നത്.
