കോട്ടയം : ജില്ലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ നദീതീരവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്ടർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നിർദേശങ്ങളും വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്റുകളും കൃത്യമായി പാലിക്കാൻ ജനങ്ങൾ തയാറാകണം. സുരക്ഷ മുൻനിർത്തി ആളുകൾ ഉടൻ തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്കോ മറ്റ് സുരക്ഷിതമായ സ്ഥാപനങ്ങളിലേക്കോ മാറിത്താമസിക്കേണ്ടതാണ്.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് ജില്ലാതലത്തിലും താലൂക്ക് തലത്തിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. ദുരന്തസാധ്യത ഒഴിവാക്കുന്നതിനായി അധികാരികൾ നൽകുന്ന എല്ലാ മുൻകരുതൽ നിർദേശങ്ങളും പൊതുജനങ്ങൾ പൂർണ്ണമായും അനുസരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
