Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് കനത്ത മഴ; പാതയോര വശങ്ങളിൽ നിന്ന് മണ്ണും പാറക്കല്ലുകളും മരങ്ങളും കുത്തിയൊലിച്ച് റോഡിലേക്ക് പതിച്ചു

മലപ്പുറം : മലപ്പുറത്ത് പെയ്ത കനത്ത മഴയ്ക്കു പിന്നാലെ പരപ്പനങ്ങാടി- നാടുകാണി സംസ്ഥാന പാതയിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞുവീണു. റോഡിന്റെ വശങ്ങളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീണതോടൊപ്പം വെള്ളവും വലിയ പാറക്കല്ലുകളും മരങ്ങളും താഴേക്ക് പതിക്കുകയായിരുന്നു.

മുകളിൽ നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി മുതൽ മലപ്പുറത്ത് ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ ചെറിയ തോതിൽ തുടങ്ങിയ മണ്ണിടിച്ചിൽ ഇന്ന് രാവിലെയോടെയാണ് കൂടുതൽ രൂക്ഷമായതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

മണ്ണിടിച്ചിലുണ്ടായ പ്രദേശം സ്വകാര്യ വ്യക്തിയുടേതാണെന്നും അവിടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്തായി സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.ഇതിനുപുറമേ, മലപ്പുറം കരുവാരക്കുണ്ടിൽ പെയ്ത ശക്തമായ മഴയിൽ നിർമാണത്തിലിരുന്ന ഒരു വീട് തകർന്നു വീണു. പുലർച്ചെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മുൻഭാഗവും മുകൾവശവും പൂർണമായി തകർന്നത്.

അതേസമയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെ കൂടുതൽ ഉയർത്താൻ തീരുമാനം.ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി.

തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ വെള്ളം പൂർണ്ണമായി ശുചീകരിച്ച് താമസിക്കാൻ തുടങ്ങുന്നതിനിടയിലാണ് വീണ്ടും വെള്ളം കയറിയത്.ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ ലഭിക്കുന്നതിനാൽ ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. ഡാമുകളുടെ ജലനിരപ്പ് അധികൃതർ നിരന്തരം നിരീക്ഷിച്ചു വരികയാണ്.

Exit mobile version