Site icon Fourteen Kerala – 14 Kerala News

ആറ്റിങ്ങലിൽ നായയോട് ക്രൂരത; കാറിൽ കൊണ്ടിറക്കി ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ അതെവാഹനം കയറ്റി ഇടിച്ചുകൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ദുരൂഹ സാഹചര്യത്തിൽ നായയെ കാറിൽ കൊണ്ടുവന്നിറക്കി അതേ വാഹനം ഉപയോഗിച്ച് ഇടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറത്താണ് സംഭവം.

ബൈക്കിൽ വരികയായിരുന്ന യുവാക്കളാണ് സംഭവം നേരിട്ട് കണ്ടത്. കാർ നായയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോകുന്നത് കണ്ട ഇവർ ഉടൻ ബഹളം വച്ചെങ്കിലും വാഹനം വേഗത്തിൽ കടന്നുപോയി.നാട്ടുകാർ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നായയെ ഇടിച്ചുകൊന്ന അതേ കാറിലാണ് നായയെ ഈ സ്ഥലത്ത് കൊണ്ടുവന്ന് ഇറക്കിവിട്ടതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

ദൃശ്യങ്ങളിൽ അട്ടക്കുളത്തിന് സമീപം കാർ നിർത്തുന്നതും കാറിന്റെ ഡോർ തുറന്ന് നായയെ പുറത്തിറക്കി വിടുന്നതും കാണാം.കാർ തിരിഞ്ഞ് പോകുമ്പോൾ നായ പിന്നാലെ ഓടിച്ചെല്ലുന്നുണ്ട്. ഈ സമയത്ത് കാർ പെട്ടെന്ന് പിന്നോട്ടെടുത്ത് നായയെ ഇടിച്ചിടുകയായിരുന്നു. വാഹനത്തിന്റെ ടയർ പലതവണ നായയുടെ ദേഹത്ത് കയറ്റി ഇറക്കിയതായും സംശയമുണ്ട്.
മനഃപൂർവം നായയെ കൊണ്ടുവന്ന് കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആരാണ് കാറിൽ ഉണ്ടായിരുന്നതെന്നും എന്തിനാണ് നായയെ ഇവിടെ കൊണ്ടുവന്ന് കൊന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Exit mobile version