Site icon Fourteen Kerala – 14 Kerala News

പൂട്ടുപൊളിക്കാതെ ജ്വല്ലറിക്കുള്ളിൽ കയറി മോഷണം; തുംകൂരുവിൽ 10 മോതിരവും 2 മാലയും അടിച്ചുമാറ്റി കള്ളൻ ‘പെരുച്ചാഴി

തുംകൂരു: കർണാടകയിലെ തുംകൂരുവിൽ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. കവർച്ച നടത്തിയത് മനുഷ്യനല്ല, ഒരു പെരുച്ചാഴിയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.തുംകൂരുവിലെ ‘വിശ്വാസ് ജ്വല്ലറി’യിൽ നിന്നാണ് 10 സ്വർണ മോതിരങ്ങളും 2 സ്വർണമാലകളും അപ്രത്യക്ഷമായത്.

കടയുടെ പൂട്ട് പൊളിച്ചിട്ടില്ല. ആരും അകത്ത് കയറിയതിന്റെ ലക്ഷണങ്ങളുമില്ല. എങ്കിലും സ്വർണാഭരണങ്ങൾ എങ്ങനെ കാണാതായി എന്ന ആശങ്കയിലായിരുന്നു ജീവനക്കാർ.രാവിലെ കട തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന് ജീവനക്കാർ ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ ഉടമയെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ സ്വർണത്തിനൊപ്പം അവ സൂക്ഷിച്ചിരുന്ന കവറുകളും വിലവിവരപ്പട്ടികകളായ പ്രൈസ് ടാഗുകളും കാണാതായതായി കണ്ടെത്തി.

ഇതാണ് സംഭവത്തിലെ വഴിത്തിരിവായത്. “ഒരു മനുഷ്യൻ മോഷണം നടത്തുകയാണെങ്കിൽ സ്വർണം മാത്രം എടുത്ത് പ്രൈസ് ടാഗുകൾ ഉപേക്ഷിക്കും. പക്ഷേ ഇവിടെ ടാഗുകളും കാണാനില്ലായിരുന്നു. അതുകൊണ്ടാണ് അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയത്” എന്ന് കടയുടമ പറഞ്ഞു.

സംശയം തോന്നിയതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. രാത്രിയിൽ കടയ്ക്കുള്ളിൽ കയറിയ ഒരു വലിയ പെരുച്ചാഴിയാണ് സ്വർണാഭരണങ്ങൾ ഉള്ള കവറുകൾ മുഴുവനായി വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. മിന്നുന്ന സ്വർണത്തിന്റെ ആകർഷണത്തിലോ കവറിലെ പേപ്പറിന്റെ മണത്തിലോ ആകർഷിക്കപ്പെട്ടായിരിക്കാം പെരുച്ചാഴി ഇവ എടുത്തുകൊണ്ടുപോയതെന്നാണ് നിഗമനം.

ആഭരണങ്ങൾക്കൊപ്പം കവറും പ്രൈസ് ടാഗും പെരുച്ചാഴി കൊണ്ടുപോയതാണ് പൊലീസിനെയും ജീവനക്കാരെയും ആദ്യം കുഴക്കിയത്. സാധാരണ മോഷണക്കേസുകളിൽ നിന്ന് വ്യത്യസ്തമായ ഈ രീതി കണ്ടതോടെയാണ് സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചത്.സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. “പെരുച്ചാഴി കവർച്ച” എന്ന പേരിൽ ആളുകൾ തമാശയോടെയാണ് ഇതിനെ ഏറ്റെടുത്തിരിക്കുന്നത്. ജ്വല്ലറി ഉടമ പെരുച്ചാഴിയെ പിടികൂടി ആഭരണങ്ങൾ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ്.

Exit mobile version