കുമ്പളം : ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മീൻവാനിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പുന്നപ്ര പള്ളിവെളി സ്വദേശി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിന്നിലേക്ക് വാൻ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് ഷഫീഖിനെ പുറത്തെടുത്തത്. അപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നതായി പോലീസ് അറിയിച്ചു. വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മാതാവ്: ആരിഫ, ഭാര്യ: സൂരിജ. ടോൾ പ്ലാസക്ക് സമീപം പലപ്പോഴും ലോറികൾ അനധികൃതമായി നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
അതേസമയം കുമ്പളം ടോൾപ്ലാസക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. കളമശ്ശേരിയിലെ സ്വകാര്യ ക്ലീനിങ് സ്ഥാപന ജീവനക്കാർ സഞ്ചരിച്ച ഒമ്നി വാനാണ് അപകടത്തിൽപെട്ടത്.
തൃശൂർ സ്വദേശി മുഹമ്മദ് നിസാം, ഇതര സംസ്ഥാന തൊഴിലാളികളായ സൻജിബ് ഹർദിക്, റാസ്, തീവ്രപരിചരണ വിഭാഗത്തിലുള്ള നബാസ് സൗൾ എന്നിവർക്കാണ് പരിക്കേറ്റത്.
