കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയും സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റുമായ അർഷാദ് അലി (അജ്ജു – 33) എം.ഡി.എം.എയുമായി ഗുരുഗ്രാം പൊലീസിന്റെ പിടിയിലായി. ഗുരുഗ്രാം ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ട്മെന്റിൽ വെച്ച് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതിയിൽ നിന്ന് 814 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. രാജ്യാന്തര വിപണിയിൽ ഇതിന് 35 ലക്ഷം രൂപ വിലവരും. അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു . മുമ്പ് സ്വകാര്യ എയർലൈനിൽ പൈലറ്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇയാൾ, നിലവിൽ മറ്റ് ജോലികളൊന്നും ചെയ്യുന്നില്ല.
നോയിഡയിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുൻകൂർ നൽകിയാണ് ഇയാൾ എം.ഡി.എം.എ വാങ്ങിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ലഹരിമരുന്ന് വിൽപന നടത്തിയ ശേഷം ബാക്കി തുക നൽകാനായിരുന്നു ഇടനിലക്കാരുമായുള്ള ധാരണ. തുടക്കത്തിൽ സ്വന്തം ആവശ്യത്തിനായി മാത്രമാണ് ലഹരി ഉപയോഗിച്ചിരുന്നതെങ്കിലും, ഇതിലെ വൻ സാമ്പത്തിക നേട്ടം തിരിച്ചറിഞ്ഞതോടെ ഇയാൾ വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അതേസമയം സ്പെഷ്യലിസ്റ്റ് അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ലഹരിവിൽപ്പനയിൽ നിന്ന് ലഭിച്ച കോടികളുടെ പണം പോയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്ന സംശയത്തിൽ പൊലീസ്. വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചെറിയ കണ്ണികൾ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേരളം വിട്ട മൊത്തവിതരണക്കാരനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസ്, ലഹരിവിൽപ്പനയിൽ നിന്ന് കിട്ടിയ പണമെല്ലാം ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കാണ് അയച്ചത്. ക്യു.ആർ. കോഡ് വഴിയും നേരിട്ടുള്ള അക്കൗണ്ട് ട്രാൻസ്ഫറായും പണം നൽകിയിട്ടുണ്ട്.
ഇത് വാടക അക്കൗണ്ടുകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപ ജിജിൽ മൊത്തവിതരണക്കാരന് അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരുടെ അക്കൗണ്ടുകളിലും ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ ഇടപാടിന്റെ പണമാണ്. വടകരയിൽ അറസ്റ്റിലായ സഫ്വാൻ 5000 രൂപ കീർത്തനയുടെ അക്കൗണ്ടിലേക്ക് അയച്ചതായും തെളിവ് ലഭിച്ചു. മൊത്തവിതരണക്കാരന് കീഴിൽ ജിജിലിനെയും അറസ്റ്റിലായ അധ്യാപികമാരെയും പോലെ കൂടുതൽ ഇടനിലക്കാർ ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
