Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി; പോക്സോ കേസ് പ്രതിയും സുഹൃത്തുക്കളും അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെയും തുടർന്ന് വീട്ടുകാരെ ആക്രമിച്ച സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

ഇന്നലെ അർധരാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് അടിവാരം സ്വദേശി മിഷ്ബാഹുൽ അതിക്രമിച്ചു കയറുകയായിരുന്നു.
മുറിയിൽ നിന്ന് ശബ്ദം കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. ഉടൻ തന്നെ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മിഷ്ബാഹുൽ ഫോൺ വിളിച്ച് സുഹൃത്തുക്കളെ വരുത്തി. തുടർന്ന് ആറംഗ സംഘം വീട്ടിലെത്തി.

വീട്ടുകാരെ ക്രൂരമായി മർദിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം മുറിയിൽ പൂട്ടിയിട്ടിരുന്ന മിഷ്ബാഹുലിനെ ബലമായി കൊണ്ടുപോവുകയായിരുന്നു. സംഭവസമയം സംഘം ഉപയോഗിച്ച ബൈക്കുകൾ നാട്ടുകാരാണ് പോലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെയും മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ. ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മിഷ്ബാഹുൽ നേരത്തെ പോക്സോ കേസ് ഉൾപ്പെടെ നിരവധി അക്രമക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

വീട്ടുകാർക്ക് ഈ യുവാവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും താമരശ്ശേരി പോലീസ് അറിയിച്ചു. കേസിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Exit mobile version