കോഴിക്കോട്: സരോവരം പാർക്കിന് സമീപത്തെ കനാൽ തീരത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവാട് കുന്ന് കോളനി സ്വദേശിയായ ‘സോനുട്ടൻ’ എന്ന യുവാവാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.40 ഓടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കനാലിന് സമാന്തരമായുള്ള മതിൽക്കെട്ടിന് സമീപത്തെ മരത്തിൽ പിങ്ക് കളർ ചെക്ക് ഷർട്ടും കറുപ്പ് ബർമുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. കോഴിക്കോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.യുവാവ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതിന് വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
