Site icon Fourteen Kerala – 14 Kerala News

നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി സെഷൻസ് കോടതിയാണ് ഓഗസ്റ്റ് ഒന്നു വരെ പ്രതിയെ കസ്റ്റഡിയിൽ നൽകിയത്.

ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡോ. റാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം അഞ്ചരക്കണ്ടി ഡെന്റൽ കോളജിലും മറ്റ് സംഭവസ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. സാക്ഷികളുടെയും നിതിൻ രാജിന്റെ മാതാപിതാക്കളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

ജാതീയധിക്ഷേപവും ക്രൂരമായ മാനസിക പീഡനവുമാണ് നിതിന്റെ മരണത്തിലേക്ക് നയിച്ചതെന്ന പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റവും എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമവുമാണ് ഡോ. റാമിനെതിരെ ചുമത്തിയിട്ടുള്ളത്.കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഡോ. റാമിന്റെ പെരുമാറ്റം മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Exit mobile version