Site icon Fourteen Kerala – 14 Kerala News

നാലുവയസുകാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിനയച്ചു, കൈക്കുഞ്ഞിന്‍റെ ചെവിയിൽ ഷവർ അടിച്ച് കരയിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

സിംഗപ്പൂർ: കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്ത സംഭവത്തിൽ ഇന്തോനേഷ്യൻ യുവതി സിംഗപ്പൂരിൽ അറസ്റ്റിലായി.
കുട്ടികളോടുള്ള ക്രൂരതയ്ക്കും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്. സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലി ചെയ്യുകയായിരുന്നു യുവതി. മറ്റ് താമസക്കാരുടെ കുട്ടികളെ നോക്കുന്ന ജോലിയും ഇവർ ചെയ്തുവരികയായിരുന്നു.

ഒരു വയസ് പ്രായമുള്ള കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയാണ് യുവതിയുടെ ക്രൂരത ആദ്യം ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിച്ചതായും തലയിൽ കുത്തി വേദനിപ്പിച്ചതായും കണ്ടെത്തി.സംഭവത്തിൽ കോളനിയിലെ താമസക്കാർ യുവതിക്ക് കടുത്ത മുന്നറിയിപ്പ് നൽകുകയും കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ താക്കീതിന് ശേഷവും യുവതി പെരുമാറ്റം തിരുത്തിയില്ല. പിന്നീട് നേരത്തെ നുള്ളി കരയിച്ചിരുന്ന അതേ ഒരു വയസുകാരന്റെ ചെവിയിലേക്ക് ഷവർ പൈപ്പ് തുറന്നുവച്ച് വെള്ളമടിച്ച് കരയിപ്പിച്ചതായി കണ്ടെത്തി.ഇതേ ദിവസം കുളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയുടെ നഗ്നദൃശ്യങ്ങളും യുവതി മൊബൈലിൽ പകർത്തി. ഇതുകൂടാതെ രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുത്തതും അന്വേഷണത്തിൽ പുറത്തുവന്നു.

കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിവരം പുറത്തായതോടെ കോളനിയിലെ മറ്റ് താമസക്കാർ ചേർന്ന് സിംഗപ്പൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കുട്ടികളെ ഉപദ്രവിച്ചതിനും സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ വിചാരണ ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സിംഗപ്പൂരിൽ വീണ്ടും ചർച്ചകൾ സജീവമായിട്ടുണ്ട്. വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Exit mobile version