Site icon Fourteen Kerala – 14 Kerala News

ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടത്തിയ സങ്കീർണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ, ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന പാവയുടെ വിസിൽ വിജയകരമായി നീക്കം ചെയ്തു. ചെർപ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് ഇത്തരത്തിൽ തുണയായത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി വിവിധ സമയങ്ങളിൽ കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. പല ആശുപത്രികളിൽ ചികിത്സ തേടിയിട്ടും അസുഖം ഭേദമാകാത്തതിനെത്തുടർന്നാണ് കുട്ടിയെ മൗലാന ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ദിപുവിന്റെ അടുക്കൽ എത്തിക്കുന്നത്.

തുടർന്ന് നടത്തിയ സി.ടി. സ്കാൻ പരിശോധനയിലാണ് കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെട്ട നിലയിലാണെന്നും, ശ്വാസകോശത്തിൽ എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായും വ്യക്തമായത്. തുടർന്ന് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. നിമിഷ, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുധാകർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തിൽ കുടുങ്ങിയ വിസിൽ പുറത്തെടുക്കുകയായിരുന്നു.

റേഡിയോളജിസ്റ്റ് ഡോ. ഷൈൻ സെബാസ്റ്റ്യൻ, റസിഡന്റ് ഡോക്ടർമാരായ അനിഷ, അജ്മി എന്നിവരും ചികിത്സാ സംഘത്തിൽ പങ്കെടുത്തു. നിലവിൽ കുട്ടി അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version