ഒഡേസ: യുക്രൈനിലെ ഒഡേസ തീരത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.അഞ്ച് വർഷമായി മറൈനറായി ജോലി ചെയ്ത് വരികയായിരുന്നു അഖിൽ.
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും കപ്പൽ ജോലിക്ക് പോയത്. കുടുംബത്തിലേക്ക് സന്തോഷ വാർത്തയുമായി മടങ്ങിയെത്താൻ ഒരുങ്ങവെയാണ് ദുരന്തം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് തുർക്കി രജിസ്ട്രേഷനിലുള്ള ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെ റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്.
കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ധാന്യങ്ങൾ കയറ്റി പോവുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും പ്രദേശത്ത് കട്ടിയുള്ള പുക ഉയരുന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയിൽ റഷ്യ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഈ മാസം മാത്രം റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി.
കരിങ്കടൽ മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
