Site icon Fourteen Kerala – 14 Kerala News

രാജസ്ഥാനിൽ നവദമ്പതികൾ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ; കൂട്ടബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമെന്ന് കുടുംബം

ബിജ്‌നോർ: രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആറുമാസം മുമ്പ് വിവാഹിതരായ സത്‌വീന്ദർ സിംഗ്, മൂന്ന് മാസം ഗർഭിണിയായിരുന്ന ഭാര്യ അമൻദീപ് കൗർ എന്നിവരുടെ മൃതദേഹങ്ങളാണ് ജൂലൈ 17-ന് കണ്ടെത്തിയത്. ഇത് ആത്മഹത്യയല്ലെന്നും കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.

ബിജ്‌നോർ സ്വദേശിയായ അമൻദീപ് കഴിഞ്ഞ 15 ദിവസമായി സ്വന്തം വീട്ടിലായിരുന്നു. ജൂലൈ 15-നാണ് ഭർത്താവ് സത്‌വീന്ദർ ഇവരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്. തൊട്ടടുത്ത ദിവസം മൊബൈൽ ഫോൺ നന്നാക്കാനായി ബൈക്കിൽ പുറത്തുപോയ ഇരുവരും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല.

ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ, പ്രേംനഗറിന് സമീപം റോഡരികിൽ ചാവി ഊരാത്ത നിലയിൽ ഇവരുടെ ബൈക്കും സ്ത്രീയുടെ ബാഗും കണ്ടെത്തി.
ഇതേത്തുടർന്ന് വനത്തിൽ നടത്തിയ തിരച്ചിലിലാണ് പുലർച്ചെ ഒന്നിന് ഇരുവർക്കും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സത്‌വീന്ദറിന്റെ മൃതദേഹം അമൻദീപിന്റെ ദുപ്പട്ടയിലും, അമൻദീപിന്റേത് സത്‌വീന്ദറിന്റെ തലപ്പാവിലുമാണ് തൂങ്ങിയിരുന്നത്.

ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങൾ കുടുംബം ചൂണ്ടിക്കാണിക്കുന്നു: മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ഇരുവരും നിലത്ത് മുട്ടുകുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ തൂങ്ങിനിന്ന മരച്ചില്ല വളരെ ചെറുതും താഴ്ന്നതുമായതിനാൽ അവിടെയൊരു ആത്മഹത്യ സാധ്യമല്ല.

അമൻദീപിന്റെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റതായും അവർ കൂട്ടബലാത്സംഗത്തിന് ഇരയായതായും സംശയിക്കുന്നു. സത്‌വീന്ദറിന്‍റെ ശരീരത്തിലും ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ട്.ദമ്പതികളുടെ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, അക്രമികൾ ഇവരുടെ മൊബൈൽ ഫോൺ തകർത്ത ശേഷമാണ് കടന്നുകളഞ്ഞതെന്നും കുടുംബം പറയുന്നു.

ശനിയാഴ്ച നൗഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചപ്പോൾ, വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും കുടുംബവും പ്രതിഷേധിച്ചു.
പോലീസ് കൃത്യമായ അന്വേഷണം ഉറപ്പുനൽകിയെങ്കിലും, രണ്ടാമത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ നിൽക്കാതെ കുടുംബം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Exit mobile version