Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് അപ്രതീക്ഷിതമായി അകത്തുകയറിയ തെരുവ് നായ ആക്രമിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ നായയെ അടിച്ചോടിച്ചെങ്കിലും കുഞ്ഞിന് ഗുരുതരമായി കടിയേറ്റിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടനടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ പ്രദേശത്ത് വെച്ച് മറ്റ് രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ജനവാസ മേഖലകളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നതിനിടയിൽ, വീടിനുള്ളിൽ പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയുണ്ടായത് നാട്ടുകാരിൽ കടുത്ത ഭീതിയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്.

സംഭവത്തിൽ പ്രദേശവാസികൾ അടിയന്തര നടപടി ആവശ്യപ്പെട്ടു. വാക്സിനേഷനും വന്ധ്യംകരണവും ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ആവശ്യം.പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാണ്. സ്കൂൾ കുട്ടികൾ, വൃദ്ധർ, വീടുകളിൽ പോലും ആളുകൾക്ക് കടിയേൽക്കുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Exit mobile version