Site icon Fourteen Kerala – 14 Kerala News

കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ദാരുണമരണം ഭർത്താവിനൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി (59) ആണ് മരിച്ചത്.ഇന്ന് രാവിലെ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സുരേന്ദ്രനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പുനലൂർ-മൂവാറ്റുപുഴ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഉഷാകുമാരി റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം ലോറിയുടെ ടയർ ഉഷാകുമാരിയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഉഷാകുമാരി മരിച്ചു. സുരേന്ദ്രന് പരിക്കുകളില്ല.അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പുനലൂർ-മൂവാറ്റുപുഴ പാതയിലെ അപകട സാധ്യതയുള്ള ജംക്ഷനുകളിൽ ഒന്നാണ് കുമ്പഴ. ഇവിടെ നേരത്തെയും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

Exit mobile version