Site icon Fourteen Kerala – 14 Kerala News

ആന്ധ്രയിൽ കോവിഡ് ജാഗ്രത; മൂന്നാഴ്ചയ്ക്കിടെ 12 പേർക്ക് രോഗബാധ, നാല് മരണം

ഹൈദരാബാദ്: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിലും ജാഗ്രതാ നിർദേശം. കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 4 പേർക്ക് ജീവൻ നഷ്ടമായി. കൂടുതലും പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരുമാണ് മരിച്ചത് എന്നതാണ് ആശങ്ക ഉയർത്തുന്നത്.

ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലെ കണക്കാണ് സംസ്ഥാന ആരോഗ്യ കമ്മീഷണർ ജി. വീരപാണ്ഡ്യൻ ഔദ്യോഗികമായി പുറത്തുവിട്ടത്. കേസുകൾ ഒറ്റപ്പെട്ടതാണെന്നും പകർച്ചവ്യാധി ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും കടപ്പയിൽ കൂട്ടമായി കേസുകൾ റിപ്പോർട്ട് ചെയ്തത് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്നുണ്ട്.

കടപ്പ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ – 8 എണ്ണം. സംസ്ഥാനത്തെ ആദ്യ കേസ് ജൂൺ 26ന് റിപ്പോർട്ട് ചെയ്തതും കടപ്പയിലാണ്. കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ 2 പേർക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. മരിച്ച 4 പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കമ്മീഷണർ അറിയിച്ചു.

കോവിഡ് കേസുകൾ ഒറ്റപ്പെട്ടതാണ്. വലിയ പകർച്ചവ്യാധിയുടെ ഭാഗമല്ല” എന്ന് വീരപാണ്ഡ്യൻ പറഞ്ഞു.ഈ കാലയളവിൽ സംസ്ഥാനത്ത് 67 കോവിഡ് പരിശോധനകൾ നടത്തി. ഇതിൽ 11 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്താനും, പ്രായമായവരും അസുഖമുള്ളവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Exit mobile version