Site icon Fourteen Kerala – 14 Kerala News

കീശയിലാക്കിയത് പാൽക്കാരന് കൊടുക്കേണ്ട പണം! പാനൂരിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി യുവാവ് ഉച്ചയ്ക്ക് കവർന്നത് 2500 രൂപ

കണ്ണൂർ : ചമ്പാട് മനേക്കരയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ബൈക്ക് യാത്രികൻ കടയുടമയെ കബളിപ്പിച്ച് പണം കവർന്നു. മനേക്കര ബസ് സ്റ്റോപ്പിന് സമീപമുള്ള കീർത്തി സ്റ്റോർ ഉടമ സജീവനാണ് തട്ടിപ്പിനിരയായത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം.

പൾസർ ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. 2 കിലോ ശർക്കരയും 3 കിലോ ഉള്ളിയും വേണമെന്ന് പറഞ്ഞാണ് ഇയാൾ കടയിലെത്തിയത്. സാധനങ്ങൾ എടുത്ത് കൊടുക്കാൻ കടയുടമയായ സജീവനെ അകത്തേക്ക് പറഞ്ഞയച്ചു. ഈ തക്കം നോക്കിയാണ് മേശപ്പുറത്ത് വെച്ചിരുന്ന പണം പ്രതി കീശയിലാക്കിയത്.എന്തോ എടുത്ത് കീശയിൽ വെക്കുന്നത് കണ്ട സജീവൻ ഉടൻ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതായി മനസിലായത്. ഉടൻ തന്നെ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. മിൽമ പാൽ വണ്ടിക്ക് നൽകാനായി സൂക്ഷിച്ച പണമാണ് നഷ്ടമായത്.

സജീവൻ പാനൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവസ്ഥലത്തിനും സമീപത്തെ കടകൾക്കും മുന്നിലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ബൈക്കിന്റെ നമ്പറും പ്രതിയുടെ മുഖവും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.ചമ്പാട് ഭാഗത്ത് സമാനമായ മറ്റ് കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കടകളിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ പണം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പോലീസ് അറിയിച്ചു.

Exit mobile version