കണ്ണൂർ : ഒരു കാലത്ത് നാട്ടിൽ നിന്നും ക്ലാസ് മുറിയിൽ നിന്നും മാത്രം മൊട്ടിട്ടിരുന്ന സൗഹൃദങ്ങൾ ഇന്ന് അതിരുകളില്ലാതെ വളർന്നു കൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് കഴിഞ്ഞ ദിവസം രാത്രി പാനൂരിലുണ്ടായ സംഭവം.
കേവലം ഒന്നര ആഴ്ച മുൻപ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി എത്തിയത് സ്വന്തം ക്ലാസ്സുകളിൽ പഠിക്കുന്ന സഹപാഠികളല്ല. മറിച്ച് അങ്ങ് പാലക്കാട് നിന്നുള്ള വിദ്യാർത്ഥികളാണ്. കൈയിൽ 30 രൂപയുമായി മൂന്ന് നാല് മണിക്കൂറുകൾ താണ്ടി വിദ്യാർത്ഥികൾ ഒരു മുൻപരിചയവും ഇല്ലാത്ത പാനൂരിൽ അർധരാത്രി എത്തിയത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞട്ടിച്ചിരിക്കുകയാണ് .
അർധരാത്രി നടന്ന ഫ്രാൻസ് – സ്പെയിൻ ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി ചമ്പാട്ടുകാരായ ലിജാസ്, ഷബീർ, ഷാനൂട്ടൻ, കെ.വി റയീസ്, റംഷി എന്നിവർ തലശ്ശേരിക്ക് പോയതായിരുന്നു.കളി കഴിഞ്ഞ് മടങ്ങിവരുന്ന വഴി രണ്ട് മണിയോടെയാണ് താഴെ ചമ്പാട് നിന്ന് പരുങ്ങി നടക്കുന്ന മൂന്ന് കുട്ടികൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.
തടഞ്ഞുനിർത്തി കാര്യം ചോദിച്ചപ്പോൾ പാലക്കാട് നിന്നുള്ള വിദ്യാർത്ഥികളാണ് എന്ന് വ്യക്തമായി. ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പാനൂരിലെ വിദ്യാർത്ഥിനിയെ തേടിയാണ് ഇവർ വന്നത്. ഫോണിൽ സംസാരിക്കുന്നത് പെൺകുട്ടിയുടെ അമ്മ കൈയോടെ പിടിച്ചതോടെ രണ്ട് ദിവസമായി പെൺകുട്ടിയുടെ യാതൊരു വിവരവും അറിയാത്തതിനെ തുടർന്നാണ് മുന്നേ അയച്ചു കിട്ടിയ ഗൂഗിൾ മാപ്പ് പിന്തുടർന്നാണ് വിദ്യാർത്ഥികൾ ചമ്പാടെത്തിയത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിലിറങ്ങി കാൽനടയായാണ് ചമ്പാടെത്തിയത്. ഗൂഗിൾ മാപ്പ് പ്രകാരം ചെറുവാഞ്ചേരിയിലായിരുന്നു പെൺകുട്ടിയുടെ വീട്. വിദ്യാർത്ഥികൾ അപകടത്തിൽ പെടുമെന്ന ഭയത്താൽ ചമ്പാട്ടുകാർ ഇവരെ വാഹനത്തിൽ കയറ്റി പാനൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പിന്നീട് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു
