വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ചത് അപകടത്തെത്തുടർന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പുൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനുവാണ് മരിച്ചത്. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് അപകടം. റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ , മറ്റൊരാൾ ഇടിച്ചിട്ടതാണോ എന്ന സംശയം ഉയർന്നിരുന്നു. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നുച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചിരുന്നു.
കാട്ടുനായ്ക്ക ഉന്നതിയിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മനു. റോഡരികിൽ സൈക്കിളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടസമയത്ത് റോഡിൽ വെളിച്ചക്കുറവുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മഴക്കാലത്ത് റോഡുകൾ വഴുക്കുന്നതും സൈക്കിൾ യാത്രക്കാരുടെ സുരക്ഷയും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകി.
