Site icon Fourteen Kerala – 14 Kerala News

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ, കൽപ്പറ്റയിൽ ആർടിഒ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഉപരോധം

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. കൽപ്പറ്റ ആർടിഒ ഓഫീസിന് മുന്നിൽ പ്രവർത്തകർ ഒത്തുകൂടി ഓഫീസ് ഉപരോധിച്ചു.

ഒറ്റയടിക്ക് കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയായി ഉയർത്തിയ ബസ് ഉടമകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഈ അനധികൃത പിരിവ് തടയാൻ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ സമരത്തിനിറങ്ങിയത്. വിദ്യാർത്ഥികളുടെ യാത്രാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, ബസ് ഉടമകളുടെ തീരുമാനത്തിന് മൗനസമ്മതം നൽകുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ പതിനൊന്നോടെ ആരംഭിച്ച പ്രതിഷേധത്തെത്തുടർന്ന് ആർടിഒ ഓഫീസുമായി നടത്തിയ ചർച്ചയിൽ, നിരക്ക് വർധന പരിശോധിക്കാൻ നാളെ മുതൽ പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നിരക്ക് പഴയ നിലയിലേക്ക് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു.

Exit mobile version