വയനാട് : കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മല ഇടിച്ചിലാണ് ഉണ്ടായത്. പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല. പദ്ധതിപ്രദേശത്തുള്ള ആളുകളെ പുനരധിവസിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പദ്ധതിക്ക് അനുമതി നൽകിയത് കേന്ദ്ര സർക്കാരാണ്. ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണം. ഫലപ്രദമായ രീതിയിൽ പദ്ധതി കൈകാര്യം ചെയ്യണം. യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കള്ളാടി ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതേസമയം ദുരന്തത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി പാലത്തിന് സമീപത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയും എസ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.സോൺ ഒന്നിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.
