Site icon Fourteen Kerala – 14 Kerala News

കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകന്‌ 9 വർഷം തടവ് ശിക്ഷ

തലശേരി: കളിച്ചുകൊണ്ടിരുന്ന ആറ്‌വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ ബിജെപി പ്രവർത്തകന് ഒമ്പതു വർഷം തടവും 30,000 രൂപപിഴയും ശിക്ഷ. തലശേരി എംഎം റോഡ്‌ പഞ്ചമഹലിൽ ജി സതീശനെ(42)യാണ്‌ തലശേരി അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി എസ്‌ രശ്‌മി ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ആറ്‌മാസം കുടി തടവ്‌ അനുഭവിക്കണം.

2024 ഒക്‌ടോബർ 27ന്‌ വൈകിട്ട്‌ തലശേരിക്കടുത്ത വാടിക്കലിലാണ്‌ സംഭവം. കളിക്കുന്നതിനിടെ ഒന്നാംക്ലാസുകാരിയെ ശ‍ൗചാലയത്തിലെത്തിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ കേസ്‌. പരാതി പിൻവലിക്കാൻ കുട്ടിയുടെ രക്ഷിതാക്കളുടെ മേൽ സമ്മർദമുണ്ടായിരുന്നു.

സിപിഐ എം ഇല്ലിക്കുന്ന്‌ ബ്രാഞ്ചംഗവും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്തിനെ തലശേരി ലോഗൻസ്‌ റോഡിൽ വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു സതീശൻ. മറ്റു നിരവധ കേസുകളും ഇയാൾക്കെതിരെയുണ്ട്‌.

തലശേരി എസ്‌ഐ വി വി ദീപ്‌തിയാണ്‌ കേസെടുത്തത്‌. എസ്‌ഐമാരായ ടിപി രജീഷ്‌, ബിനു തോമസ്‌ എന്നിവർ അന്വേഷിച്ചു. ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്നാണ്‌ പിടിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യുട്ടർ പി എം ഭാസുരി ഹാജരായി.

Exit mobile version