Site icon Fourteen Kerala – 14 Kerala News

രോഗികൾ പെരുകുന്നു; കട്ടിൽ തികയാതെ കോവിഡ് ആശുപത്രി

കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 237 പേർ. പക്ഷേ ആകെ 205 പേരെ കിടത്തി ചികിത്സിക്കാനാണ് ഇവിടെ സൗകര്യമുള്ളത്. അതിനാൽ ഇന്നലെ 32 പേർക്ക് കിടക്കാൻ കട്ടിൽ ലഭിക്കാത്ത സാഹചര്യമായിരുന്നു. അവരെ കിടത്താൻ എവിടെ സൗകര്യമേർപ്പെടുത്തുമെന്നറിയാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടി. 

പുതിയ വാർഡ് തുറക്കണമെങ്കിൽ അതിനു ജീവനക്കാരില്ല.  മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ജില്ലാ കോവിഡ് ആശുപത്രി ഉൾപ്പെടെ 4 ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഇതിനിടയിൽ ഇവിടുത്തെ നൂറ്റൻപതോളം ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിൽ പകുതിയോളം പേർ ഡോക്ടർമാരാണ്. ഇന്നലെ മാത്രം 18 ഡോക്ടർമാർ ഉൾപ്പെടെ 28 ആരോഗ്യ പ്രവർത്തകർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 

അതിനിടെ, ഗവ. മെഡിക്കൽ കോളജിലേക്ക് അടിയന്തരമായി 250 ജീവനക്കാരെ നിയമിക്കണമെന്നു കാണിച്ച് പ്രിൻസിപ്പൽ ഡോ. വി.ആർ.രാജേന്ദ്രൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർക്കും കത്തു നൽകി. മതിയായ ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കോവിഡ് ബ്രിഗേഡ് മുഖേന 629 ജീവനക്കാരെ ഇവിടെ നിയമിച്ചിരുന്നെങ്കിലും അവരെയെല്ലാം ഒക്ടോബറിൽ പിരിച്ചുവിടുകയായിരുന്നു.

Exit mobile version