Site icon Fourteen Kerala – 14 Kerala News

സ്വര്‍ണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്.

ഐശ്വര്യയ്‌ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂണ്‍ 30നാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ജോലി ചെയ്യുന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നും ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവന്‍ സ്വര്‍ണം എടുത്തുനല്‍കുകയായിരുന്നു. പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

ഇതിനകം യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. അഞ്ജുവില്‍ നിന്നും 20 പവനും ഐശ്വര്യയില്‍ നിന്നും 50 പവന്‍ സ്വര്‍ണവുമാണ് സിന്ധു കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കടുത്തമാനസിക സമ്മര്‍ദ്ദത്തില്‍ ഐശ്വര്യയും അഞ്ജുവും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പേര്‍ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധു നേരത്തെയും നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണെന്നാണ് വിവരം.

Exit mobile version