പേരാമ്പ്ര: ലഹരിമരുന്നുമായി പിടിയിലായ യുവാക്കളെയും യുവതികളെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കുറ്റ്യാടി സ്വദേശി അഫ്രീദ് (23), പേരാമ്പ്ര സ്വദേശി ഷംസീർ (29) എന്നിവരെയും റിൻഷ ഫാത്തിമ (22), സംഗീത (22), മലപ്പുറം സ്വദേശിനിയായ 16-കാരി എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്കും, മറ്റ് രണ്ട് യുവതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് സംഭവം. 2.157 ഗ്രാം എം.ഡി.എം.എയുമായി എത്തിയ സംഘം പാണ്ടിക്കോട് വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെടുകയും പ്രദേശവാസിയായ റിയാദ് എന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരുടെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരുമായും സംഘം സംഘർഷമുണ്ടാക്കി.
ഈ കയ്യാങ്കളിക്കിടയിൽ പോലീസുകാർക്കും പരിക്കേറ്റു. കൂടുതൽ പോലീസ് സേന എത്തിയാണ് ഇവരെ കീഴടക്കിയത്. യുവതികൾ അടക്കമുള്ള സംഘം നാട്ടുകാർക്ക് നേരെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് അക്രമം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
