Site icon Fourteen Kerala – 14 Kerala News

നശിക്കാന്‍ വിടില്ല; തൂഫാന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം; പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കള്‍; 5353 കേസുകള്‍

ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന്‍ ദ നാര്‍കോ ഹണ്ട് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പൊലീസ് പിടിച്ചെടുത്തത്. 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ ഉറവിടവും, വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ എ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്‍ ജൂണ്‍ രണ്ടിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നുമുതല്‍ കേരളം സാക്ഷിയായത് സമാനതകളില്ലാത്ത ലഹരി വേട്ടയ്ക്കായിരുന്നു. 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് ഇതിനോടകം പോലീസ് പിടിച്ചെടുത്തത്. ഓപ്പറേഷന്റെ ഭാഗമായി ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളില്‍ 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5736 പേരെ അറസ്റ്റ് ചെയ്തു.

ഓപ്പറേഷനിലൂടെ അന്താരാഷ്ട്ര ലഹരി വിപണനക്കാരിലേക്ക് വരെ എത്താനായ പോലീസ് ജൂണ്‍ 27ന് രാത്രി നടത്തിയ ‘തൂഫാന്‍ സ്‌ട്രൈക്ക്’ എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 806 പേരെ അറസ്റ്റിലാക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്നും ലഹരിയുടെ ഉറവിടവും, വിതരണ ശൃംഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഓപ്പറേഷന് നേതൃത്വം നല്‍കുന്ന സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ 24 നോട് പറഞ്ഞു.

ഓപ്പറേഷന്റെ ഭാഗമായി പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം ശക്തമാക്കാന്‍ മതനേതാമാര്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ മുന്നോട്ടുപോകുന്ന പദ്ധതി വരും മാസങ്ങളിലും ശക്തിപ്പെടുത്തുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.

Exit mobile version