തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് ഷിഗെല്ല രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് 76, വയനാട് 26, തൃശൂർ 14, ആലപ്പുഴ 5, എന്നീ നാല് ജില്ലകളിലാണ് ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം 36, തിരുവനന്തപുരം 19, കണ്ണൂർ 13, കൊല്ലം 15, ഇടുക്കി 3, എറണാകുളം 4, പാലക്കാട് 6, പത്തനംതിട്ട 1 എന്നിവിടിങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് 2025 ൽ 132 പേർക്കായിരുന്നു ഷിഗെല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
