Site icon Fourteen Kerala – 14 Kerala News

ചൂരണിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

തൊട്ടിൽപ്പാലം : കാവിലുംപാറ പഞ്ചായത്തിലെ പക്രന്തളം, ചൂരണി, കാരിമുണ്ട പ്രദേശങ്ങളിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാട്ടാന കൂട്ടമായിട്ടാണ് കൃഷിയിടത്തേക്കും ജനവാസമേഖലയിലേക്കും പകൽസമയത്തുപോലും ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ കാട്ടാന കൂട്ടത്തോടെയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസമേഖലകളിൽ ആനയുടെ സാന്നിധ്യം ജനങ്ങളിൽ പരിഭ്രാന്തിസൃഷ്ടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മഴക്കാലമായതോടുകൂടി പകൽസമയങ്ങളിൽപോലും വീടിന് പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്. കൃഷിയിടത്തേക്ക് ആളുകൾക്ക് പകൽസമത്തുപോലും പോകാൻപറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.

നിലവിൽ കുറ്റ്യാടിചുരത്തിന്റെ ബദൽറോഡായ താഴെ പൂതംപാറ, ചൂരണി, പക്രന്തളം റോഡിലാണ് ആനയുള്ളത്. പലഭാഗങ്ങളിൽനിന്ന് വരുന്ന യുവാക്കൾ ഈ റോഡിൽ രാത്രികാലങ്ങളിൽ ബൈക്കുകളിൽ എത്താറുണ്ട്. കഴിഞ്ഞദിവസം ആനയെ കണ്ടിട്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് കുറ്റ്യാടി സ്വദേശികൾ രക്ഷപ്പെട്ടത്. 2025-ൽ ചൂരണിയിലും കരിങ്ങാട് ജനവാസമേഖലയിലും ഇറങ്ങിയ രണ്ടുവയസ്സുള്ള കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച്‌ പിടികൂടിയിരുന്നു. അന്ന് ഒരുമാസത്തോളം ജനവാസമേഖലയിൽ തുടർന്ന ആനയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേരുടെ കൃഷിനശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർക്ക് ആവശ്യമായ ടോർച്ച് ഉൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾ ഒന്നുംതന്നെയില്ല. വനംവകുപ്പ് അധികൃതർ ഇവർക്കുവേണ്ടി എല്ലാ സംവിധാനങ്ങളും ഒരുക്കിനൽകണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.

Exit mobile version