Site icon Fourteen Kerala – 14 Kerala News

പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്

കണ്ണൂർ: മട്ടന്നൂരിലെ വാഹനാപകടത്തിൽ അച്ഛനും മകനും ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും . മകന്റെ പിറന്നാൾ ദിവസമായ ഇന്ന് , ആ അമ്മയ്ക്ക് നഷ്ടമായത് പ്രാണതുല്യരായ ഭർത്താവിനെയും മകനെയുമാണ്.

മട്ടന്നൂർ കോളാരി സ്വദേശി വിനോദ്, മകൻ വൈഷ്ണവ് എന്നിവരാണ് കണ്ണൂർ മട്ടന്നൂരിൽ ബസ് സ്കൂട്ടറിലിടിച്ച് മരിച്ചത് . സന്തോഷം നിറയേണ്ട പിറന്നാൾ ദിനത്തിൽ ഒരു നാട് മുഴുവൻ കണ്ണീരിലായിരിക്കുകയാണ്.ഇന്ന് രാവിലെ പത്തരയോടെ കൂരൻ മുക്കിലായിരുന്നു ഹൃദയഭേദകമായ സംഭവം. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ വിനോദും മകനും ബസിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു . ബസ് അമിത വേ​ഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ ഫിറോസിനും അപകടത്തിൽ പരിക്കേറ്റിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വിനോദിനെയും വൈഷ്ണവിനെയും രക്ഷിക്കാനായില്ല.

Exit mobile version