Site icon Fourteen Kerala – 14 Kerala News

അമ്മൂമ്മയുടെ കൈതട്ടി ഓടി; വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു. എം.സി. റോഡ് വെമ്പായം മഞ്ചാടിമൂട് ഹാപ്പി ലാൻഡിനു സമീപത്തായിരുന്നു അപകടം. വട്ടപ്പാറ ലൂർദ് മൌണ്ട് സ്കൂളിലെ യുകെജി വിദ്യാർത്ഥിനി വൈനവിനാണ് പരിക്കേറ്റത്.

എം.സി. റോഡിൽ മഞ്ചാടിമൂട്ടിൽവെച്ച് മുത്തശ്ശിക്കൊപ്പം സ്കൂൾ ബസ്സിൽ കയറാൻ എത്തിയതായിരുന്നു കുട്ടി. കാട്ടാക്കടനിന്ന് കൊല്ലം ഭാഗത്തേക്ക് ജോലിക്കായി പോയ രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. അമ്മൂമ്മയുടെ കൈപിടിച്ച് എത്തിയ വിദ്യാർത്ഥിനി റോഡ് മുറിച്ച് കടക്കവെ അമ്മൂമ്മയുടെ കൈതട്ടി റോഡിലേക്ക് ഓടുകയായിരുന്നു.

തലയ്ക്കും കാലിനും ഗുരുതരമായിപരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Exit mobile version