Site icon Fourteen Kerala – 14 Kerala News

മലയോര റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി അപകടയാത്ര

മലപ്പുറം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതോടെ സംസ്ഥാനത്തെ പൊതുഗതാഗത മേഖല വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

സംസ്ഥാനത്തെ മലയോര റൂട്ടുകളിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ സുരക്ഷാ പരിധികൾ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് പതിവാകുന്നു.
64 പേർക്ക് മാത്രം സഞ്ചരിക്കാൻ അനുമതിയുള്ള ബസുകളിൽ നിലവിൽ 120 ലധികം ആളുകളെ കയറ്റിയാണ് സർവീസ് നടത്തുന്നത്.

റോഡുകൾക്ക് വീതി കുറവായ മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, ഗവി തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലൂടെ 15 വർഷത്തിലധികം പഴക്കമുള്ള ബസുകളാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നത്.കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെട്ട ആർ.എൻ.ഇ 276 എന്ന നമ്പർ ബസിൽ 120ൽ പരം യാത്രക്കാരുമായാണ് സർവീസ് പൂർത്തിയാക്കിയത്.

ഇത് വലിയൊരു അപകടഭീഷണി ഉയർത്തുന്നു.സൗജന്യ യാത്ര നിലവിൽ വന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ വരുമാനത്തിൽ പ്രതിദിനം 3,000 മുതൽ 4,000 രൂപ വരെ കുറവുണ്ടായതായി സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു.ഇതിനൊടപ്പം ഇന്ധനവില വർധനവ് കൂടിയായതോടെ സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 2 ന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതീകാത്മക നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

വയനാട്, കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിലെ സർവീസുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.ജില്ലയിലെ ആയിരത്തി ഇരുനൂറോളം സ്വകാര്യ ബസുകളുടെ സർവീസ് വൈകാതെ തന്നെ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയാണെന്ന് സ്വകാര്യാ ബസ്സുടമകൾ പറയുന്നു.

Exit mobile version