Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ; ചോദ്യം ചെയ്തതോടെ രണ്ടാനച്ഛന്റെ ചാരായവേട്ട പുറത്ത്, പ്രതി ഒളിവിലിൽ

കോഴിക്കോട് : താമരശ്ശേരിയിൽ സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിലെ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്.

വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു.കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന്് സ്‌കൂള്‍ അധികൃതര്‍ വിവരം താമരശ്ശേരി പൊലീസില്‍ അറിയിച്ചു.പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ രണ്ടാനച്ഛന്‍ നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാര്‍ഥി വെളിപ്പെടുത്തി.വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.

ഇതേ തുടര്‍ന്ന് താമരശ്ശേരി പൊലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍ മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാല്‍ പ്രതിയായ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതി ഒളിവിലെന്ന് പൊലീസ് പറഞ്ഞു. രണ്ടു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.

Exit mobile version