Site icon Fourteen Kerala – 14 Kerala News

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ടൊർണാഡോ സമാനമായ ചുഴലിക്കാറ്റ്; 200 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

തമിഴ്‌നാട്ടിൽ: തൂത്തുക്കുടിയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അത്യപൂർവമായ അതിശക്തമായ കാറ്റ് വൻ നാശനഷ്ടങ്ങൾക്കിടയാക്കി. ടൊർണാഡോയോട് സാമ്യമുള്ള രീതിയിൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ പൊടിപടലങ്ങളും അവശിഷ്ടങ്ങളുമായി രൂപപ്പെട്ട ചുഴലിക്കാറ്റ് പ്രദേശവാസികളെ വലിയ പരിഭ്രാന്തിയിലാഴ്ത്തി.

തൂത്തുക്കുടി-തിരുനെൽവേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തൽ ഗ്രാമങ്ങളിലാണ് കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. കനത്ത കാറ്റിൽ ഏകദേശം 200-ഓളം വീടുകൾ തകർന്നു.മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം തകരാറിലാവുകയും പ്രദേശമാകെ ഇരുളിലാകുകയും ചെയ്തു. വഗൈകുളം ടോൾ പ്ലാസയിലെ ഗ്ലാസ് പാനലുകളും ഉപകരണങ്ങളും തകർന്നു.

കാറ്റിന്റെ തീവ്രത കാരണം ഇവിടെ ടോൾ പിരിക്കുന്നത് നിർത്തിവെച്ച് വാഹനങ്ങൾ കടത്തിവിടേണ്ടി വന്നു. സമീപത്തെ ഒരു തീം പാർക്കിനും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, ഈ പ്രതിഭാസത്തെ ‘ടൊർണാഡോ’ എന്ന് വിളിക്കുന്നതിനോട് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിയോജിച്ചു.ഇടിമിന്നലിന് കാരണമാകുന്ന കൂമ്പാരമേഘങ്ങളിൽ നിന്നുള്ള ശക്തമായ വായു പ്രവാഹം മൂലമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും, യഥാർഥ ടൊർണാഡോ രൂപപ്പെടാനുള്ള അന്തരീക്ഷ സാഹചര്യം അവിടെ ഇല്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

പ്രാദേശികമായ താപനിലയിലെ വ്യതിയാനവും മർദം കുറഞ്ഞ മേഖലയിലേക്കുള്ള വായുവിന്റെ ചുഴലി രൂപത്തിലുള്ള പ്രവാഹവുമാണ് ഇതിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടിൽ ഇത്തരമൊരു പ്രതിഭാസം അതീവ അപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണയായി ടൊർണാഡോകൾ കണ്ടുവരാറുള്ളത്.

Exit mobile version