Site icon Fourteen Kerala – 14 Kerala News

വിവാഹത്തിൽനിന്ന് പിൻമാറി, ബോഡി ഷെയ്മിങ്ങും; താമരശ്ശേരിയിൽ 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി കുടുംബം

താമരശ്ശേരി : താമരശ്ശേരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപിന്റെ (22) മരണത്തിന് കാരണം പ്രതിശ്രുത വരനായ കൊണ്ടോട്ടി സ്വദേശി അഭിനവ് വിവാഹത്തിൽനിന്ന് പിൻമാറിയതാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.

കഴിഞ്ഞ എട്ടാം തീയതിയാണ് നന്ദനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അഭിനവ് വിവാഹത്തിൽനിന്ന് പിൻമാറാൻ തീരുമാനിച്ചതെന്നും, ഇതാണ് നന്ദനയെ കടുത്ത മാനസിക വിഷമത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു. കോഴിക്കോട്ടെ മാൾ സന്ദർശനത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹ തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹനിശ്ചയത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വിവാഹത്തിന് താൽപര്യമില്ലെന്ന് അഭിനവ് പെട്ടെന്നു തന്നെ അറിയിക്കുകയായിരുന്നു. ഇതിനു പുറമെ, ബോഡി ഷെയ്മിങ് നടത്തിയതായും പെരുമാറ്റത്തെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നതായും നന്ദനയുടെ സഹോദരി വെളിപ്പെടുത്തി. വിദേശത്തുള്ള അഭിനവിന്റെ പിതാവും വീട്ടുകാരും നേരത്തെ നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും, മകൾ മരിച്ചതിന് ശേഷം അവർ ആരും തിരിഞ്ഞുനോക്കുകയോ ഫോണിൽ വിളിക്കുകയോ ചെയ്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

Exit mobile version