Site icon Fourteen Kerala – 14 Kerala News

എം.ഡി.എം.എ.യുമായി യുവാവ്‌ പിടിയിൽ

ഫറോക്ക് : യുവാവിന്റെ കൈയിൽനിന്ന് എം.ഡി.എം.എ.യും വീട്ടിൽനിന്ന് കഞ്ചാവും പിടികൂടി. കൊളത്തറ മോഡേൺ ബസാർ സ്വദേശി മഠത്തിൽ കുറ്റിപറമ്പ് ജുനിഷിനെയാണ് (28) നല്ലളം പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം ചെറുവണ്ണൂർ കെ.എസ്.ഇ.ബി.ക്ക്‌ സമീപം രാത്രി കാർ നിർത്തി ഉറങ്ങുമ്പോഴാണ് ഇയാളിൽനിന്ന് നല്ലളം സബ് ഇൻസ്പെക്ടറും സംഘവും 0.420 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. തുടർന്ന്, ഫറോക്ക് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും കണ്ടെടുത്തു.

ലഹരിവിൽപ്പനയിലൂടെ കിട്ടിയ 19,600 രൂപയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഹ്യുണ്ടായി കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ വെള്ളയിൽ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ സമാനകേസുകളുണ്ടെന്നും ഫാസ്റ്റ്‌ഫുഡ് കടയിലെ ജീവനക്കാരനെ കത്തികൊണ്ട് കുത്തിയതിന് കസബ പോലീസിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

നല്ലളം സബ് ഇൻസ്പെക്ടർ ആനന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുബീഷ്, ഫറോക്ക് സബ് ഇൻസ്പെക്ടർ ഫിറോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശന്തനു, പ്രജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ യശ്വന്ത്, ഷിംന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Exit mobile version