Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നിപ വൈറസ്; രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുത്, ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു -ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് : നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുതെന്ന് മന്ത്രി കെ മുരളീധരന്‍. ഫറോക്ക് സ്വദേശിയായ 43 കാരനായ രോഗിയെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയെന്നും അദ്ദേഹം പറഞ്ഞു. നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ പനി വന്ന് മാറിയ ആളാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ളയാള്‍ ഒരു ഗോഡൗണ്‍ ഒറ്റയ്ക്ക് ക്ലീന്‍ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സംശയിക്കുന്നുണ്ട്.

ഹൈ റിസ്‌ക് സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അൽപം മുമ്പാണ് പിസിആര്‍ ടെസ്റ്റില്‍ രോഗിക്ക് നിപ സ്ഥിരീകരിച്ചത്.

കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം നാളെ അറിയാം.ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങളിലൂടെയോ വവ്വാൽ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാമെന്നും രോഗികളുമായി അടുത്തിടപഴകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Exit mobile version