Site icon Fourteen Kerala – 14 Kerala News

ഉറങ്ങിക്കിടന്ന വയോധികരെ തലയ്ക്കടിച്ചുകൊന്ന കൊല്ലത്തെ സീരിയൽ കില്ലർ വിജു പിടിയിൽ

കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും തെരുവിൽ കഴിഞ്ഞിരുന്ന വയോധികരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ക്രൂരനായ കൊലയാളി പിടിയിൽ. കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷിനെയാണ് (42) കൊല്ലം ഷാഡോ പോലീസ് തമിഴ്‌നാട്ടിലെ വാൽപ്പാറയിലുള്ള ഒളിത്താവളത്തിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്തു വെച്ച് തമിഴ്‌നാട് സ്വദേശിയായ തങ്കപ്പനെന്ന വയോധികനെ കൊലപ്പെടുത്തിയത് ഇയാളായിരുന്നു. സമാനമായ രീതിയിൽ കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വെച്ച് മറ്റൊരു വയോധികനെയും ഇയാൾ അടിച്ചുകൊന്നിരുന്നു.

ആശ്രയമില്ലാതെ തെരുവിൽ കഴിയുന്ന വയോധികരെ കണ്ടെത്തി, അവർ രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മാരകായുധം കൊണ്ട് തലയ്ക്കടിക്കുകയാണ് ഇയാളുടെ രീതി. ഇത്തരത്തിൽ തലയ്ക്കടിച്ച ശേഷം അവർ ചോര വാർന്നു മരിക്കുന്നത് നോക്കിനിൽക്കുന്നത് പ്രതിയുടെ ഒരു ക്രൂരവിനോദമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ മെയ് 25-ന് കമ്മീഷണർ ഓഫീസിന് സമീപം നടന്ന കൊലപാതകത്തിന് പിന്നാലെ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതി വിജു സുരേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ തന്നെയാണെന്ന് വ്യക്തമായി.പ്രതി തമിഴ്‌നാട് അതിർത്തി കടന്നെന്ന സൂചന ലഭിച്ചതോടെ എസിപിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വാൽപ്പാറയിലെത്തുകയും ഒളിത്താവളം വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Exit mobile version