Site icon Fourteen Kerala – 14 Kerala News

അതിരാവിലെ അപ്പാർട്ട്‌മെന്റിൽ കയറി സ്മാർട്ട് ഫോണുകൾ മോഷ്ടിച്ചു,രണ്ടുപേർ പിടിയിൽ

കോഴിക്കോട് : ആളില്ലാത്ത സമയത്ത് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി 1.3 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ലത്തീഫ് (58), കണ്ണൂർ എടക്കാട് സ്വദേശി പവിത്രൻ (67) എന്നിവരാണ് പിടിയിലായത്.

വടകര റെയിൽവേ സ്റ്റേഷന് സമീപമുള്ള ‘ഈശ്വരൻകണ്ടി’ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ മേയ് 12-ന് രാവിലെയായിരുന്നു മോഷണം. ഇവിടെ താമസിക്കുന്ന സുരേഷ് എന്നയാളുടെ ഫോണുകളാണ് നഷ്ടപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ വടകര പോലീസ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾ മോഷ്ടിച്ച രണ്ട് ഫോണുകളും മാഹി പാലത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിൽ നിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായ രണ്ടുപേരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version