Site icon Fourteen Kerala – 14 Kerala News

അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നാടൊന്നാകെ ഞെട്ടി. രാത്രി ഒമ്പതോടെയാണ് ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ ദാരുണമായ അപകടം ഉണ്ടായത്. പൂവത്തുംചാലിൽ ലാലുവിന്റെ ഭാര്യ സോന (27) യാണ് മരിച്ചത്.

സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. പുറകിലെ സീറ്റീൽ കിടക്കുകയായിരുന്നു ഭാര്യ സോന.ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ സോനക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വാഹനം ഓടിച്ചിരുന്ന ലാലു പരിക്കുകളോടെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. മൃതദേഹം കല്ലോട് ​ഗവ. ആശുപത്രിയിലേക്ക് മാറ്റി. 6 മാസം ഗർഭിണിയായിരുന്നു സോന. ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version