വളയം : വീട്ടുമുറ്റത്തുനിന്ന് തുണിയലക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞുവീണു. കല്ലുനിര ചമ്പേങ്ങാട്ട് യു. അർജുന(29)യുടെ ദേഹത്താണ് സമീപത്തെ മതിലിടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് യുവതി വലിയ അപകടംപറ്റാതെ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മേഖലയിൽ ശക്തമായ മഴയായിരുന്നു പെയ്തത്. മഴ തോർന്നതോടെ വീടിന് സമീപത്തുനിന്ന് തുണിയലക്കുകയായിരുന്ന അർജുനയുടെ ദേഹത്തേക്ക് സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാർ കാണുന്നത് അരയ്ക്കുതാഴെ മണ്ണിനും കല്ലിനുമിടയിൽ അകപ്പെട്ടുകിടക്കുന്ന യുവതിയെയാണ്. ഉടൻ കല്ലും മണ്ണും നീക്കി യുവതിയെ പുറത്തെത്തിച്ച് നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. ഇവരുടെ ഇടതുകാലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് സന്ദർശിച്ചു.
