Site icon Fourteen Kerala – 14 Kerala News

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; കപ്പൽ കടലിൽ മുങ്ങി

മസ്‌കറ്റ്: ഒമാൻ തീരത്ത് ലിമയ്ക്ക് സമീപം ഇന്ത്യൻ ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കടലിൽ മുങ്ങി. ഗുജറാത്തിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്ത ‘ഹാജി അലി’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
സോമാലിയയിൽ നിന്ന് കന്നുകാലികളുമായി ഷാർജയിലേക്ക് പോവുകയായിരുന്ന കപ്പലിന് നേരെ ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു ആക്രമണമുണ്ടായത്. അജ്ഞാത സ്ഫോടകവസ്തു വന്നിടിച്ചതിനെ തുടർന്ന് കപ്പലിന് തീപിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുകയുമായിരുന്നു.

കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ സാഹസികമായി രക്ഷപ്പെടുത്തി. അപകടസമയത്ത് നാവികർ ലൈഫ് ബോട്ടുകളിലേക്ക് മാറിയത് വലിയ ദുരന്തം ഒഴിവാക്കി.
ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ഇവരെ ദീബ തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചു. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് ഉടമ സുൽത്താൻ അഹമ്മദ് സംഗർ സ്ഥിരീകരിച്ചെങ്കിലും കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തതായാണ് റിപ്പോർട്ട്.

ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ലക്ഷ്യം വയ്ക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിന് സമീപം അന്താരാഷ്ട്ര സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Exit mobile version