Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി കുറിപ്പ്, കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തിലെന്ന് എഫ്‌ഐആർ

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവർ മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.മുരളീധരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തില്‍ മുരളീധരന്‍ ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ഓട്ടോയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ മുരളീധരനെ ഫിനാൻസുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു.
രണ്ട് തവണ ഓട്ടോ സ്റ്റാൻഡിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഒരു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. സാമ്പത്തിക പ്രയാസങ്ങൾ മുരളീധരൻ പങ്കുവച്ചിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി അറിയില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.മറ്റ് ആരോപണങ്ങൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്.സമീപത്ത് ഓട്ടോറിക്ഷയും നിര്‍ത്തിയിട്ടിരുന്നു. ഓട്ടോറിക്ഷയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ മുരളീധരനെ ഫിനാന്‍സുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആ ഘട്ടത്തിൽ തന്നെ ആരോപിച്ചിരുന്നു.

Exit mobile version