Site icon Fourteen Kerala – 14 Kerala News

കുത്തക തകർത്തു; ബാലുശ്ശേരിക്ക്‌ ഇനി സൂരജ്

ബാലുശ്ശേരി : ഇടതുകോട്ടയെന്ന വിശേഷണത്തിന് അന്ത്യംകുറിച്ച് ബാലുശ്ശേരിയിൽ യു.ഡി.എഫിന്റെ അട്ടിമറി വിജയം. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് 94,804 വോട്ടുകൾ നേടി മണ്ഡലം എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു.

ആകെ പോൾചെയ്ത വോട്ടിന്റെ 49.55 ശതമാനവും സ്വന്തമാക്കിയാണ് സൂരജ് നിയമസഭയിലേക്കെത്തുന്നത്. സിറ്റിങ് എം.എൽ.എ. കെ.എം. സച്ചിൻദേവിന് 77,824 വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻദേവ് നേടിയ 20,372 വോട്ടിന്റെ വൻഭൂരിപക്ഷം ഇത്തവണ പഴങ്കഥയായി. ഉറച്ച ചെങ്കോട്ടയിൽ സൂരജിന് വിജയിക്കാനാവില്ലെന്ന പ്രവചനങ്ങൾ കാറ്റിൽപ്പറത്തിയാണ് സംസ്ഥാനം മുഴുവനുള്ള യു.ഡി.എഫ്. തരംഗം ബാലുശ്ശേരിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.കെ. രാഘവൻ എം.പി. മണ്ഡലത്തിൽ കൈവരിച്ച മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാൻ സൂരജിന് സാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ട രാഷ്ട്രീയമാറ്റത്തിന്റെ തുടർച്ചയാണ് ബാലുശ്ശേരിയിലിപ്പോൾ ആവർത്തിച്ചത്. ഇടതുപക്ഷം കാലാകാലങ്ങളായി കുത്തകയാക്കി വെച്ചിരുന്ന കോട്ടൂർ, ബാലുശ്ശേരി പഞ്ചായത്തുകൾ യു.ഡി.എഫ്. പിടിച്ചെടുത്തത് അട്ടിമറിയുടെ കൃത്യമായ സൂചനയായിരുന്നു. ഒൻപത് പഞ്ചായത്തുകളിൽ അഞ്ചിലും (ബാലുശ്ശേരി, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, ഉണ്ണികുളം) ഭരണം യു.ഡി.എഫിന്റെ കൈകളിലായി. ഇത് ഇടതുകോട്ടയുടെ അടിത്തറ ഇളക്കി.

19 റൗണ്ട് വോട്ടെണ്ണലിൽ 15-ലും സൂരജിന് വ്യക്തമായ ലീഡുയർത്താനായി. മൂന്ന് റൗണ്ടുകളിൽ മാത്രമാണ് സച്ചിൻ സൂരജിനേക്കാൾ കൂടുതൽ വോട്ടുകൾ നേടാനായത്. ഈ റൗണ്ടുകളിലും വോട്ട് കണക്കിൽ സൂരജുമായി വലിയൊരു അന്തരം നേടാൻ സച്ചിനായിരുന്നില്ല. കോട്ടൂർ, കായണ്ണ പഞ്ചായത്തുകളിലെ വോട്ടുകളുൾപ്പെടുന്ന അഞ്ചാം റൗണ്ടിൽ സച്ചിനും സൂരജും 4466 വോട്ടുകൾ നേടി ഒപ്പത്തിനൊപ്പം നിന്നു.മൂന്ന് യുവനേതാക്കൾ നേർക്കുനേർ പോരാടിയ മണ്ഡലത്തിൽ വികസനവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയായിരുന്നു. സച്ചിൻദേവ് വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ, ഭരണവിരുദ്ധ വികാരവും വികസനമുരടിപ്പും ഉയർത്തിപ്പിടിച്ചാണ് സൂരജ് വോട്ട് തേടിയത്.എൻ.ഡി.എ. സ്ഥാനാർഥി സി.പി. സതീഷ് 17669 വോട്ടാണ് നേടിയത്. 2021-ലേതിനേക്കാൾ 1179 വോട്ടുകൾ ബി.ജെ.പി.ക്ക് ബാലുശ്ശേരിയിൽ കൂടുതൽ നേടാനായി.

Exit mobile version