Site icon Fourteen Kerala – 14 Kerala News

ചരിത്രം തിരുത്തിയെഴുതിയ വിധി

പേരാമ്പ്ര : 45 വർഷത്തിനുശേഷം പേരാമ്പ്ര അസംബ്ലി മണ്ഡലം കൈവിട്ടുപോയതിന്റെ ഞെട്ടലിൽ എൽ.ഡി.എഫ്. 1980-നുശേഷം ഏത് യു.ഡി.എഫ്. തരംഗത്തിലും ഇളകാതെ എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് പേരാമ്പ്ര. എന്നിട്ടും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ എൽ.ഡി.എഫ്. കൺവീനർക്ക് പരാജയമുണ്ടായതിന്റെ ഞെട്ടലിലാണ് സി.പി.എം. പ്രവർത്തകർ. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാൻ കഴിയുമെന്ന വിശ്വാസം അവസാനനിമിഷംവരെ എൽ.ഡി.എഫ്. നേതാക്കൾക്കുണ്ടായിരുന്നു.

ഇത്തവണയും വിജയം ഉറപ്പിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ എൽ.ഡി.എഫിന്റെ പ്രചാരണം തുടങ്ങിയത്. എന്നാൽ, യു.ഡി.എഫ്. സ്ഥാനാർഥിയായി ഫാത്തിമ തഹിലിയ രംഗത്തെത്തിയതോടെ മത്സരത്തിന് വീറുംവാശിയുമേറി. എൽ.ഡി.എഫ്. കൺവീനറായിട്ടും മറ്റെവിടെയും പ്രചാരണത്തിന് പോകാതെ പേരാമ്പ്രയിൽത്തന്നെ ടി.പി.ക്ക് എല്ലാ ദിവസവും പ്രചാരണപരിപാടികളുമായി നിൽക്കേണ്ടിയും വന്നു. വർഗീയചേരിതിരിവുണ്ടാക്കുന്ന പ്രചാരണം നടക്കുന്നുവെന്ന പരാതിയുയർന്നതോടെ ഇരുമുന്നണികളും തമ്മിൽ ആരോപണ, പ്രത്യാരോപണങ്ങൾ കടുത്തു. അതോടെ എൽ.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാർഥികളും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.

എം.എൽ.എ. എന്ന നിലയിൽ ടി.പി.രാമകൃഷ്ണൻ പത്ത് വർഷമായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം. 1950 കോടിയുടെ വികസനം നടത്തിയെന്നാണ് വിശദീകരിച്ചത്. എന്നാൽ ഇത് വോട്ടായി മാറിയില്ലെന്നാണ് തെരഞ്ഞടുപ്പ് ഫലം നൽകുന്ന സൂചന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19,085 വോട്ടിന്റെ ലീഡ് ഷാഫി പറമ്പിലിന് പേരാമ്പ്ര അംസംബ്ലി പരിധിയിൽനിന്ന്‌ ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും എട്ടായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ അസംബ്ലി പരിധിയിലെ പഞ്ചായത്തുകളിൽനിന്ന്‌ യു.ഡി.എഫിനുണ്ടായി. വർഷങ്ങളായി എൽ.ഡി.എഫ്. കൈവശംവെച്ചിരുന്ന പഞ്ചായത്തുകൾ യു.ഡി.എഫ്. ഇത്തവണ പിടിച്ചെടുത്തിരുന്നു. പത്ത് പഞ്ചായത്തുകളിൽ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നിങ്ങനെ ആറെണ്ണത്തിലെ ഭരണം യു.ഡി.എഫിനൊപ്പമാണ്. നൊച്ചാട്, മേപ്പയ്യൂർ, അരിക്കുളം, കീഴരിയൂർ എന്നിവയാണ് എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ചത്. പതിറ്റാണ്ടുകൾക്കുശേഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ്. നേടി. ഈ മുന്നേറ്റം പല പഞ്ചായത്തിലും യു.ഡി.എഫ്. തുടരുന്ന കാഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യിലെ വി.കെ. സുധീർ 11,165 വോട്ടുകൾ നേടിയ സ്ഥാനത്ത് 13,042 വോട്ടുകൾ നേടാൻ എൻ.ഡി.എ. സ്ഥാനാർഥി എം. മോഹനനായി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യിലെ സി.ആർ. പ്രഫുൽ കൃഷ്ണൻ പേരാമ്പ്ര അസംബ്ലി പരിധിയിൽനിന്ന്‌ 12,485 വോട്ടുകൾ നേടിയിരുന്നു. 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര അസംബ്ലി പരിധിയിലെ പഞ്ചായത്തുകളിൽനിന്നുമായി 11,407 വോട്ടാണ് എൻ.ഡി.എ.ക്ക് ലഭിച്ചത്.

Exit mobile version