Site icon Fourteen Kerala – 14 Kerala News

വടകരയിൽ പരിശോധന തുടരുന്നു കൂടുതൽ സ്ഥാപനങ്ങൾക്ക്‌ നോട്ടീസ്

വടകര : വടകരയിലെ പൊതു ഓവുചാലിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ വടകര നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന തുടരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ മാലിന്യപ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നാലുസ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. തറവാട്, ഗായത്രി, എസ്.ആർ. ഹോട്ടലുകൾക്കും ലെയ്ഖ കെട്ടിടത്തിനുമാണ് നോട്ടീസ്.

തറവാട് ഹോട്ടലിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്.ടി.പി.) പരിശോധനാസമയത്ത് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. മലിനീകരണനിയന്ത്രണബോർഡിന്റെ അനുമതിപത്രവും ഹാജരാക്കിയില്ല. ‘ഗായത്രി’യിൽനിന്ന് ശുദ്ധീകരിച്ചശേഷമുള്ള വെള്ളം പുറത്തേക്കുവിടുന്നതായാണ് കണ്ടെത്തിയത്. ഈ വെള്ളം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. എസ്.ആറിൽ ആളുകളെ അനധികൃതമായി താമസിപ്പിക്കുന്നതായും ശുചിത്വപ്രശ്നവും കണ്ടെത്തി.

അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നതിനാണ് ലെയ്ഖയ്ക്ക് നോട്ടീസ്. ഇവിടെ ടാങ്കിൽ മലിനജലം ശേഖരിച്ചുവെച്ചതായും കണ്ടെത്തി. ഡാലിയ സ്ക്വയറിലും പരിശോധന നടത്തി.
ക്ലീൻസിറ്റി മാനേജർ കെ.പി. രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെ.എച്ച്.ഐ.മാരായ അജിന, അനിൽ, ഷാജിദ്, മനീഷ, ഷീജ എന്നിവരും പങ്കെടുത്തു.നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി, വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. വിനു, കൗൺസിലർമാർ തുടങ്ങിയവർ സ്ഥലത്തെത്തി.

Exit mobile version