Site icon Fourteen Kerala – 14 Kerala News

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ്‌ നവീകരണപദ്ധതി ജലച്ചോർച്ച കൂടുതൽ ഡി.ഐ. പൈപ്പിലെന്ന് ജലഅതോറിറ്റി

കോഴിക്കോട് : മാനാഞ്ചിറ-മലാപ്പറമ്പ് റോഡ്‌ നവീകരണപദ്ധതിയുടെ ഭാഗമായി വീടുകളിലേക്കും മറ്റും കുടിവെള്ളം വിതരണംചെയ്യാനായി നടപ്പാതയുടെ താഴെയായി നിർമിക്കുന്ന ഡക്റ്റുകളിൽ (കിടങ്ങ്) സ്ഥാപിക്കുന്ന വലിയ ഡി.ഐ. പൈപ്പിനാണ് കൂടുതൽ ചോർച്ചയുണ്ടാകുന്നതെന്ന് സൂചന.

ജലഅതോറിറ്റി അധികൃതരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡി.ഐ. പൈപ്പിൻമേൽ നീല ഫ്ളെക്സിബിൾ പൈപ്പ് ഘടിപ്പിച്ചാണ് നിലവിൽ ജലവിതരണം. ഈ പൈപ്പിന്റെ ഗുണമേന്മയും ചോർച്ചയുണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. പൈപ്പ് ചോർച്ചയും നടപ്പാതയ്ക്കുതാഴെയായി നിർമിക്കുന്ന കുടിവെള്ളപൈപ്പ് സ്ഥാപിച്ചിട്ടുള്ള ഡക്റ്റിൽ മലിനജലമെത്തുന്ന പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് മാറ്റേണ്ട പൈപ്പുകൾ മാറ്റുമെന്നും കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.

കുരിശുപള്ളി മേഖലയിൽ കുടിവെള്ളം കിട്ടാത്ത പ്രശ്നത്തെത്തുടർന്ന് തിരക്കിട്ടു സ്ഥാപിച്ച പൈപ്പുകളിൽ ചിലതിനാണ് ചോർച്ചാപ്രശ്നമുള്ളത്. വ്യാപാരഭവൻ മേഖലയിലും ഇത്തരം പെപ്പുകളിടേണ്ടി വന്നിട്ടുണ്ട്. ഇവയെല്ലാം താത്കാലികമായി സ്ഥാപിച്ചതാണെന്നും ഉടനടി മാറ്റുമെന്നും ഇവർ പറഞ്ഞു.

അതേസമയം, നടപ്പാതയ്ക്ക് സ്ലാബിട്ടുകഴിഞ്ഞ സ്ഥലത്ത് പൈപ്പുകൾക്ക് ചോർച്ചയുണ്ടോയെന്നത് എങ്ങനെ മനസ്സിലാക്കുമെന്ന ചോദ്യത്തിന് ആർക്കും വ്യക്തമായി ഉത്തരമില്ല. കൂടുതൽ സ്ഥലത്ത് ജലം ചോരുന്നുണ്ടെങ്കിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതി വ്യാപകമാകുമെന്നും എന്നാൽ, ഇതുവരെ അത്തരം പരാതികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജലഅതോറിറ്റി അധികൃതർ പറയുന്നു. നടപ്പാതയിൽ ചിലേടത്ത് കുടിവെള്ളപൈപ്പ് ഓവുചാലിലൂടെ കടന്നുപോകുന്നുണ്ടെന്ന കാര്യത്തിലും കൃത്യമായ ഉത്തരമില്ല.

Exit mobile version