Site icon Fourteen Kerala – 14 Kerala News

കനാൽവെള്ളം കയറി റോഡ് ചെളിക്കളം

കൊയിലാണ്ടി : ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പൊയിൽക്കാവ് ടൗണിൽ കിഴക്ക് ഭാഗത്ത് സർവീസ് റോഡിന്റെ പ്രവൃത്തി പൂർത്തിയായില്ല. ഇപ്പോഴും തട്ടി നിരത്തിയ ചെമ്മൺ പാതയാണിവിടെ. കനാൽ വെള്ളമെത്തിയതോടെ ഈ റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ചെളിയും വെള്ളവും നിറഞ്ഞ വഴിയിലൂടെ ഇഴഞ്ഞു നീങ്ങുകയാണ് വാഹനങ്ങൾ.

പൊയിൽക്കാവ് ടൗണിൽനിന്ന് ഞാണംപൊയിൽ, കലോപൊയിൽ, കാഞ്ഞിലശ്ശേരി ഭാഗത്തേക്കെല്ലാം ചെറുവാഹനങ്ങൾ പോകുക ഈ റോഡ് വഴിയാണ്. കാൽനട യാത്രക്കാരായി അനവധി പേരുണ്ട്. കൂടാതെ ഒട്ടെറെ വീടുകളിലേക്കുള്ള വഴി കൂടിയാണിത്.

ദേശീയ പാതാ നിർമാണ പ്രവൃത്തി തുടങ്ങിയത് മുതൽ ദുരിതമനുഭവിക്കുകയാണ് പൊയിൽക്കാവ് കിഴക്കുഭാഗത്തേക്ക് പോകുന്ന കാൽനടയാത്രക്കാർ. ചെളിക്കളമായ പാതയിൽ വഴുതി വീണ് ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കുഭാഗത്തെ സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പണി പൂർത്തീകരിക്കാത്തതാണ് യാത്രക്കാരുടെ ദുരിത യാത്രയ്ക്ക് കാരണം. ഈ ഭാഗത്ത് ഉള്ള തെരുവ് വിളക്ക് കത്താത്തതും രാത്രികാല യാത്ര കൂടുതൽ ദുസ്സഹമാവുന്നു.

അപൂർണമായ ഡ്രൈനേജ് കാരണം വെള്ളം പുറത്തേക്ക് ഒഴുകി റോഡിലേക്ക് പരക്കുകയാണ്. പൊയിൽക്കാവിൽ അടിപ്പാതയ്ക്ക് മുകളിലൂടെയുള്ള റോഡ് പണി പുരോഗമിക്കുന്നുണ്ട്. സർവീസ് റോഡിന്റെ പണി പൂർത്തിയാകാത്തതിനാൽ ഹ്രസ്വദൂര ബസുകളടക്കം അണ്ടർപാസിന് മുകളിലൂടെയാണ് പോകുന്നത്. അതിനാൽ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ പൊയിൽക്കാവ് ടൗണിൽനിന്ന് മാറിയാണ് നിൽക്കുന്നത്.

Exit mobile version