Site icon Fourteen Kerala – 14 Kerala News

ബി.ജെ.പി.യിൽ വിഭാഗീയത: നേതൃത്വത്തിന് വെല്ലുവിളിയായി പരസ്യപ്രതിഷേധം തുടരുന്നു


കുറ്റ്യാടി : വടകര, നാദാപുരം മണ്ഡലങ്ങളിൽ ബി.ജെ.പി.യിൽ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെ നേതൃത്വത്തിന് വെല്ലുവിളിയായി പരസ്യപ്രതിഷേധം തുടരുന്നു.

നാദാപുരം മണ്ഡലത്തിൽനിന്ന്‌ ബി.ജെ.പി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മുൻ ബി.ജെ.പി. ഭാരവാഹി എൻ.പി. പത്മകുമാർ വിമതനായി മത്സരിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം ആരോപിച്ച് വടകര മണ്ഡലത്തിൽനിന്നുമുള്ള വി.ടി. വിനീഷ്, എ.വി. ഗണേശൻ, പി. ശ്യാംരാജ് കുരിയാടി, നാദാപുരം മണ്ഡലത്തിൽനിന്നുമുള്ള രവി വെള്ളൂർ, എൻ.പി. പത്മകുമാർ, പി.പി. രാജൻ, പി.കെ. ബിജീഷ്, മഞ്ചക്കൽ നാണു, ഇ.കെ. ബാബു എന്നിവരെ ബി.ജെ.പി. നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയിരുന്നു. നടപടിക്കെതിരേ കഴിഞ്ഞ ദിവസം വടകരയിൽ പ്രവർത്തകർ ജില്ലാ നേതൃത്വത്തിനെതിരേ പ്രതിഷേധപ്രകടനം നടത്തുകയും പ്രഫുൽ കൃഷ്ണന്റെ കോലംകത്തിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രി നാദാപുരം മണ്ഡലത്തിലെ തളീക്കരയിൽ പ്രതിഷേധം വ്യാപിച്ചത്. അങ്ങാടിയിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ പ്രഫുൽ കൃഷ്ണന്റെ കോലംകത്തിക്കുകയായിരുന്നു. മഞ്ചക്കൽ നാണു, എൻ.പി. പത്മകുമാർ, പി.കെ. ബിജീഷ്, ശശീന്ദ്രൻ, ബിജീഷ് നടേമ്മൽ, സുരേഷ് പിലാച്ചേരി, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version