Site icon Fourteen Kerala – 14 Kerala News

കരിമ്പനത്തോട്ടിലേക്ക് മലിനജലമൊഴുക്കി

വടകര : പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തെ മലിനജലം കരിമ്പനത്തോട്ടിലേക്ക് ഒഴുക്കുന്നത് തടഞ്ഞു. യു.ഡി.എഫ്.-ആർ.എം.പി.ഐ. പ്രവർത്തകരും കൗൺസിലർമാരും നാട്ടുകാരും ചേർന്നാണ് തടഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ ഓവുചാലിലേക്ക് ഒഴുകിയെത്തുന്ന മലിനജലം കരാർ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളികൾ മോട്ടോർവെച്ച് കരിമ്പനത്തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിപക്ഷ കൗൺസിലർമാർ ഉൾപ്പെടെ സ്ഥലത്തെത്തി മലിനജലം ഒഴുക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, നിർത്താതെ വന്നപ്പോൾ കൗൺസിലർമാർ മോട്ടോർ ഓഫ്ചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം ഇവിടേക്ക് മലിനജലം ഒഴുകിയെത്തിയതിനെത്തുടർന്ന് പുതിയ ബസ്‌സ്റ്റാൻഡിലെ പൊതുശൗചാലയം അടച്ചിട്ട് മൂന്ന് ടാങ്കുകൾ വൃത്തിയാക്കിയിരുന്നു. ഇവിടെനിന്ന്‌ ഏഴ് ട്രിപ്പുകളിലായി 9,500 ലിറ്റർ മലിനജലം കോഴിക്കോട് കോർപ്പറേഷന്റെ സഹായത്താൽ നീക്കംചെയ്തിരുന്നു. ഇതിൽ ഒരു ടാങ്കിൽനിന്ന്‌ മലിനജലം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ടാങ്ക് പൂർണമായും കോൺക്രീറ്റ് ചെയ്ത് നഗരസഭയുടെ പരിശോധന പൂർത്തിയാക്കിയശേഷമാണ് ശൗചാലയം തുറന്നുകൊടുത്തത്. അതിനുശേഷവും എവിടെനിന്നാണ് മലിനജലം ഒഴുകിയെത്തുന്നത് എന്ന ആശങ്ക നിലനിൽക്കുകയാണ്. പുതിയ സ്റ്റാൻഡ് പരിസരത്തെ മറ്റുസ്ഥാപനങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് നഗരസഭ അറിയിച്ചു.

Exit mobile version